പ്രതിപാദിക്കപ്പെട്ട വിഷയത്തിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വേദത്തെയും പലപ്രകാരത്തില്‍ വിഭജിക്കാറുണ്ട്. വിധിനിഷേധാത്മകമായ വേദത്തിന്‍റെ പൂര്‍വ്വഭാഗത്തെ കര്‍മ്മകാണ്ഡമെന്നും ആത്മജ്ഞാനത്തെ ഉപദേശിക്കുന്ന ഉത്തര ഭാഗത്തെ ജ്ഞാനകാണ്ഡമെന്നും വിഭജിക്കുന്നതാണ് ഇതില്‍ ഒന്ന്. സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്, എന്നിങ്ങനെ നാലായി വിഭജിക്കുന്നതാണ് മറ്റൊരു ക്രമം.പ്രായേണ ദേവതകളെപ്പറ്റിയുള്ള സ്തുതികളാണ് സംഹിതാഭാഗത്തുള്ളത്. പ്രായേണ മന്ത്രങ്ങളുടെ ഗൂഢാര്‍ത്ഥം വ്യക്തമാക്കുന്നതും യജ്ഞാനുഷ്ടാനങ്ങളുടെ വിധിവിധാനങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നതുമായ ഭാഗം ബ്രാഹ്മണം. പ്രായേണ ഉപാസനാപരങ്ങളായ വിഷയങ്ങളാണ് ആരണ്യകത്തിലുള്ളത്. ഇവിടെയെല്ലാം പ്രായേണ എന്നു പറഞ്ഞത് ഇതിലെല്ലാം നിഗൂഢങ്ങളായ തത്ത്വപ്രതിപാദനം ചെയ്യുന്ന മന്ത്രഭാഗങ്ങളും ഉണ്ടെന്നതിനാലാണ്. ജീവേശ്വരൈക്യരൂപമായ ജ്ഞാനത്തെ ഉപദേശിക്കുന്ന ഭാഗമാണ് ഉപനിഷത്തുക്കള്‍. വേദത്തിന്‍റെ താല്‍പര്യനിര്‍ണ്ണയം ചെയ്യുന്ന ഭാഗമായതിനാല്‍ ഉപനിഷത്തുക്കളെ വേദാന്തം എന്നും വിളിക്കുന്നു. ഓരോ വേദശാഖയക്കും ഒന്നെന്ന തോതില്‍ 1180 ഉപനിഷത്തുക്കള്‍ ഉണ്ടായിരുന്നു. ഇവയില്‍ 108 എണ്ണം പ്രധാനങ്ങളാണ്. ഇതില്‍ തന്നെ ദശോപനിഷത്തുക്കളാണ് പ്രധാനങ്ങള്‍. ഈശോവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്,പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്. എന്നിവയാണവ. മുന്‍പറഞ്ഞ വിഭജനക്രമത്തില്‍ സംഹിത, ബ്രാഹ്മണം, ആരണ്യകം, എന്നിവ കര്‍മ്മകാണ്ഡത്തില്‍പ്പെടുന്നു. ജ്ഞാനകാണ്ഡം, ഉപനിഷത്ത് തന്നെ.
കടപ്പാട്: ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍, അദ്വൈതാശ്രമം, കൊളത്തൂര്‍.
Subscribe to:
Post Comments (Atom)

No comments:
Post a Comment