Monday, March 31, 2008

വേദാംഗങ്ങള്‍

വേദാംഗങ്ങള്‍ ശിക്ഷാ, നിരുക്തം, കല്പം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഷം എന്നിവ. വേദങ്ങള്‍ നിലകൊള്ളുന്നത് വേദാംഗങ്ങളിലാകുനു. വേദതാല്പര്യം ഗ്രഹിക്കാന്‍ വേദാംഗങ്ങളുടെ സമ്യഗ്ജ്ഞാനം ആവശ്യമാണ്‌. വേദാംഗങ്ങളെ ഷഡംഗങ്ങള്‍ എന്നും ഷഡ്ശാസ്ത്രങ്ങള്‍ ഏന്നും പറയുന്നു.

Wednesday, December 12, 2007

ശ്രീ ശങ്കര ബാലസദനം

സമൂഹത്തിന്റെ ശ്രദ്ധ അര്‍ഹിക്കുന്ന ബാലന്മാരെ ഏറ്റെടുത്ത്‌ ധര്‍മ്മനിഷ്ഠയുള്ള ഉത്തമ പൗരന്മാരായിവളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ശ്രീ ശങ്കര ബാലസദനം അദ്വൈതാശ്രമത്തോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ 42 കുട്ടികള്‍ ഈ സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുന്നുണ്ട്‌.ഈ ധര്‍മ്മസേവാ പ്രവര്‍ത്തനത്തില്‍ സഹായസഹകരണങ്ങള്‍ ചെയ്തു പങ്കുചേരുവാന്‍ തല്‍പരരായ സജ്ജനങ്ങള്‍ ബന്ധപ്പെടുക.

കാര്യദര്‍ശി,ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ്‌,അദ്വൈതാശ്രമം, കൊളത്തൂര്‍ - 673 315ഫോണ്‍: +91 495 2455050

Wednesday, December 5, 2007

വേദ ശാഖകകള്‍

ഗുരുശിഷ്യപരമ്പരയിലൂടെ പ്രചലിക്കവെ വേദം വിവിധശാഖകളായിത്തീര്‍ന്നു. വേദാരാശി പല ശാഖകളായി പിരിഞ്ഞപ്പോള്‍ മൊത്തം 1180 ശാഖകള്‍ ഉടലെടുത്തു. ഇവയില്‍ 21 ഏണ്ണം ഋഗ്വേദീയങ്ങളും 109 എണ്ണം യജുര്‍വേദീയങ്ങളും, 1000 എണ്ണം സാമവേദീയങ്ങളും 50എണ്ണം അഥര്‍വ്വവേദീയങ്ങളുമാകുന്നു.

Friday, November 30, 2007

രാമസേതു സംരക്ഷിക്കുക...


വായിക്കുക
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
രേഖപ്പെടുത്തുക..

Monday, November 26, 2007

വേദത്തിന്‍റെ വിഷയക്രമത്തിലുള്ള വിഭജനം.

പ്രതിപാദിക്കപ്പെട്ട വിഷയത്തിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വേദത്തെയും പലപ്രകാരത്തില്‍ വിഭജിക്കാറുണ്ട്‌. വിധിനിഷേധാത്മകമായ വേദത്തിന്‍റെ പൂര്‍വ്വഭാഗത്തെ കര്‍മ്മകാണ്ഡമെന്നും ആത്മജ്ഞാനത്തെ ഉപദേശിക്കുന്ന ഉത്തര ഭാഗത്തെ ജ്ഞാനകാണ്ഡമെന്നും വിഭജിക്കുന്നതാണ്‌ ഇതില്‍ ഒന്ന്‌. സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്‌, എന്നിങ്ങനെ നാലായി വിഭജിക്കുന്നതാണ്‌ മറ്റൊരു ക്രമം.പ്രായേണ ദേവതകളെപ്പറ്റിയുള്ള സ്തുതികളാണ്‌ സംഹിതാഭാഗത്തുള്ളത്‌. പ്രായേണ മന്ത്രങ്ങളുടെ ഗൂഢാര്‍ത്ഥം വ്യക്തമാക്കുന്നതും യജ്ഞാനുഷ്ടാനങ്ങളുടെ വിധിവിധാനങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നതുമായ ഭാഗം ബ്രാഹ്മണം. പ്രായേണ ഉപാസനാപരങ്ങളായ വിഷയങ്ങളാണ്‌ ആരണ്യകത്തിലുള്ളത്‌. ഇവിടെയെല്ലാം പ്രായേണ എന്നു പറഞ്ഞത്‌ ഇതിലെല്ലാം നിഗൂഢങ്ങളായ തത്ത്വപ്രതിപാദനം ചെയ്യുന്ന മന്ത്രഭാഗങ്ങളും ഉണ്ടെന്നതിനാലാണ്‌. ജീവേശ്വരൈക്യരൂപമായ ജ്ഞാനത്തെ ഉപദേശിക്കുന്ന ഭാഗമാണ്‌ ഉപനിഷത്തുക്കള്‍. വേദത്തിന്‍റെ താല്‍പര്യനിര്‍ണ്ണയം ചെയ്യുന്ന ഭാഗമായതിനാല്‍ ഉപനിഷത്തുക്കളെ വേദാന്തം എന്നും വിളിക്കുന്നു. ഓരോ വേദശാഖയക്കും ഒന്നെന്ന തോതില്‍ 1180 ഉപനിഷത്തുക്കള്‍ ഉണ്ടായിരുന്നു. ഇവയില്‍ 108 എണ്ണം പ്രധാനങ്ങളാണ്‌. ഇതില്‍ തന്നെ ദശോപനിഷത്തുക്കളാണ്‌ പ്രധാനങ്ങള്‍. ഈശോവാസ്യോപനിഷത്ത്‌, കേനോപനിഷത്ത്‌, കഠോപനിഷത്ത്‌,പ്രശ്‌നോപനിഷത്ത്‌, മുണ്ഡകോപനിഷത്ത്‌, മാണ്ഡൂക്യോപനിഷത്ത്‌, ബൃഹദാരണ്യകോപനിഷത്ത്‌. എന്നിവയാണവ. മുന്‍പറഞ്ഞ വിഭജനക്രമത്തില്‍ സംഹിത, ബ്രാഹ്മണം, ആരണ്യകം, എന്നിവ കര്‍മ്മകാണ്ഡത്തില്‍പ്പെടുന്നു. ജ്ഞാനകാണ്ഡം, ഉപനിഷത്ത്‌ തന്നെ.

കടപ്പാട്‌: ശ്രീമദ്‌ ചിദാനന്ദപുരി സ്വാമികള്‍, അദ്വൈതാശ്രമം, കൊളത്തൂര്‍.

Wednesday, November 21, 2007

വേദത്തിന്‍റെ ഗ്രന്ഥക്രമത്തിലുള്ള വിഭജനം

അറിവെന്ന രൂപത്തില്‍ വേദം ഏകമാണെങ്കിലും അറിവിനെ പ്രതിപാദിക്കുന്ന ഗ്രന്ഥരാശി എന്ന നിലയില്‍ വേദം നാലായി വിഭക്തമാണ്‌. ഋക്‌, യജുസ്‌, സാമം, അഥര്‍വ്വം എന്നിവയാണവ. യജുര്‍വ്വേദത്തിന്‌ കൃഷ്ണയജുര്‍വ്വേദമെന്നും ശുക്ലയജുര്‍വ്വേദമെന്നും രണ്ടുഭാഗങ്ങളുണ്ട്‌.

Tuesday, November 20, 2007

വേദ ലക്ഷണം

വേദ ലക്ഷണം : സ്വതവേ വേദം ഏകരൂപമാണെങ്കിലും വേദത്തിന്‌ മൂന്ന് ലക്ഷണങ്ങളുണ്ട്‌.

(i) ഋക്‌ - ശ്രുതി പ്രധാനവും ഛന്ദോരൂപവുമായ മന്ത്രഭാഗം (ii) യജുസ്‌ - യജ്ഞപ്രധാനവും പ്രായേണ ഗദ്യ രൂപവുമായ മന്ത്രഭാഗം (iii) സാമം -ഗാനപ്രധാനമായമന്ത്രഭാഗം

ഈ വേദം സ്വതവെ ഈശ്വരനില്‍നിന്നുതന്നെ ആവിര്‍ഭവിച്ചതാകുന്നു. ഋഷിമാര്‍ - മന്ത്രദ്രഷ്ടാക്കള്‍ - ആയതിനെ ദര്‍ശിച്ചു.